Easter

യേശുക്രിസ്തുവിന്റെ യറുശലേമി ലേക്കുള്ള മഹത്വപ്രവേശന ത്തെ അനുസ്മരിച്ചുകൊണ്ടു ലോകമെങ്ങുമുള്ള ക്രൈസ്തവ ജനത ഓശാനപ്പെരുനാള്‍ ആഘോഷിക്കുകയാണ്. അതുവരെ യേശുക്രിസ്തുവിനു ലഭിക്കാതിരുന്ന ആദരവും ആഘോഷപൂര്‍വമായ വരവേല്‍പ്പുമാണു യറുശലേമിലേക്കുള്ള ഈ അന്ത്യയാത്രയില്‍ ലഭിച്ചത്. പുരോഹിതമുഖ്യന്മാരും മതമേധാവികളും ഈ വരവേല്‍പ്പില്‍ പങ്കുചേര്‍ന്നില്ല എങ്കിലും പെസഹാപ്പെരുനാളില്‍ പങ്കെടുക്കാനായി ലോകത്തിന്റെ നാനാഭാഗത്തു നിന്നു വന്നെത്തിയ സാധാരണ ജനങ്ങള്‍ വരവേല്‍പ്പ് ആഘോഷപൂര്‍വമാക്കി. ഏറെക്കാലമായി അവര്‍ വിമോചകനും രക്ഷകനുമായ ഒരു മിശിഹായിക്കുവേണ്ടി കാത്തിരിക്കുക ആയിരുന്നു. ആ മിശിഹാ നസറായനായ യേശു തന്നെ ആണെന്നുള്ള തിരിച്ചറിവാണ് അവരെ ഈ വരവേല്‍പ്പിനു പ്രേരിപ്പിച്ചത്. തന്നെപ്പറ്റിയുള്ള നിഗൂഢതയും അഭ്യൂഹങ്ങളും മറ മാറ്റി തന്റെ സ്ഥാനം അവരെ മനസ്സിലാക്കാനും യേശു ഉദ്ദേശിച്ചിരിക്കണം.

അണപൊട്ടി ഒഴുകുന്ന ഈ ആവേശത്തിമിര്‍പ്പില്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നുണ്ട്  ഒലിവു മലയുടെ ഓരത്തില്‍നിന്ന് യറുശലേം ദേവാലയത്തിലേക്കുള്ള ഹ്രസ്വയാത്രയില്‍ യേശു വാഹനമായി ഉപയോഗിച്ച കഴുത. കാല്‍നടയായി നടക്കാവുന്ന ദൂരം മാത്രമേയുള്ളൂ എങ്കിലും മുന്‍കൂട്ടി ക്രമീകരിച്ച്, കഴുതയെ സജ്ജമാക്കുകയായിരുന്നു. അതിനു പ്രത്യേകമായ അര്‍ഥവും പ്രാധാന്യവും ഉണ്ടായിരുന്നതായി കാണാം. സാധാരണ ചിന്താഗതിയില്‍ കഴുതയെ ഭോഷത്വത്തിന്റെയും വിഡ്ഢിത്തത്തിന്റെയും പര്യായമായി കരുതുകയും പുച്ഛവും വെറുപ്പും വരുമ്പോള്‍ ചിലരെ 'കഴുതയെന്നു വിളിക്കുകയും ചെയ്യുന്നു. എന്നാല്‍, ക്രിസ്തുവിനോടുള്ള ബന്ധത്തില്‍ കഴുതയ്ക്കു പ്രത്യേക പ്രസക്തിയും പ്രാധാന്യവും ഉയരുന്നു.

(1) പ്രവചന പൂര്‍ത്തീകരണം: മിശിഹായെപ്പറ്റിയുള്ള ഒരു പ്രവചനത്തില്‍ ഇപ്രകാരം കാണുന്നു: 'സീയോന്‍ പുത്രീ, അതിയായി ആനന്ദിക്കുക; യറുശലേം പുത്രീ, ആര്‍പ്പു വിളിക്കുക. ഇതാ നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു. അവന്‍ പ്രതാപവാനും ജയശാലിയുമാണ്. അവന്‍ വിനയാന്വിതനായി കഴുതക്കുട്ടിയുടെ പുറത്തു കയറി വരുന്നു.' യേശുവിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ എല്ലാ അനുഭവങ്ങളും പ്രവാചകന്മാര്‍ മുന്‍കൂട്ടി പ്രവചിച്ചിട്ടുള്ളതാണ്. എവിടെ ജനിക്കും, എവിടെ പരസ്യശുശ്രൂഷ ആരംഭിക്കും, എന്തായിരിക്കും തനിക്കു നിറവേറ്റാനുള്ള ദൌത്യം, അതെങ്ങനെ നിറവേറ്റും എന്നിങ്ങനെ സമസ്തകാര്യങ്ങളെക്കുറിച്ചും നൂറ്റാണ്ടുകള്‍ക്കു മുന്‍പു ജീവിച്ചിരുന്ന പ്രവാചകന്മാര്‍ വ്യക്തമാക്കിയിരുന്നു. യറുശലേമിലേക്കുള്ള മഹത്വപ്രവേശനത്തെക്കുറിച്ച ബി.സി. ആറാം നൂറ്റാണ്ടില്‍ ജീവിച്ച സഖര്യാ പ്രവാചകന്‍ പ്രസ്താവിച്ചതാണു മുകളില്‍ ഉദ്ധരിച്ചത്. ക്രിസ്തു ലോകത്തിലേക്കു വന്നത് ആകസ്മികമായിട്ടോ അപ്രതീക്ഷിതമായിട്ടോ അല്ല. അവിടത്തെ ആഗമനത്തിനു വേണ്ടിയുള്ള ഒരുക്കം യഥാക്രമം നടക്കുന്നുണ്ടായിരുന്നു. പ്രതീക്ഷകളുടെ പൂര്‍ത്തീകരണമായി യേശുക്രിസ്തു നമ്മുടെ പ്രതീക്ഷകള്‍ക്കു സാഫല്യം വരുത്തുന്നവനാണ്.

(2) കഴുത, വിനയത്തിന്റെയും സമാധാനത്തിന്റെയും പ്രതീകം: എപ്പോഴും തല താഴ്ത്തി നടക്കുന്ന കഴുത വിനയത്തിന്റെ പ്രതീകമാണ്. അതുപോലെതന്നെ സമാധാനത്തിന്റെ അടയാളവും. ഒരു രാജാവു കുതിപ്പുറത്തു കയറി വരുന്നുവെങ്കില്‍ അതു യുദ്ധത്തിനുള്ള പോര്‍വിളിയായി കരുതിപ്പോന്നു. എന്നാല്‍, കഴുതയെ വാഹനമാക്കി വന്നാല്‍ സമാധാന ദൌത്യവുമായി വരുന്നു എന്നു ചിന്തിച്ചു. ക്രിസ്തുവിന്റെ ദൌത്യം വിനയത്തിന്റേതായിരുന്നു. അവിടുന്നുതന്നെ കല്‍പ്പിച്ചു: 'ഞാന്‍ ശാന്തശീലനും വിനീത ഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍.' അവിടത്തെ എളിമയുടെ മൂര്‍ത്തീകരണമായിട്ടാണു മുക്കുവന്മാരായ ശിഷ്യരുടെ പാദങ്ങളെ കഴുകിയത്. പാദക്ഷാളനം ഒരു വാര്‍ഷികാനുഷ്ഠാനമാക്കിത്തീര്‍ക്കാനല്ല യേശു ഉദ്ദേശിച്ചത്, പിന്നെയോ എളിമയുടെ ഭാവം ധരിച്ചു പരസ്പരം ശുശ്രൂഷിക്കാനായിരുന്നു. ഇന്നു നമുക്കു കൈമോശം വന്നിരിക്കുന്നത് ഈ മനോഭാവവും അതില്‍നിന്നുളവാകുന്ന പ്രവര്‍ത്തനങ്ങളുമാണ്.അവിടുന്നു വിനയാന്വിതനായിരുന്നു എന്നു മാത്രമല്ല, സമാധാനത്തിന്റെ സംവാഹകനുമായിരുന്നു. അവിടുന്ന് അരുള്‍ ചെയ്തു: 'എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്നു; അതു ലോകം നല്‍കുന്ന സമാധാനം പോലെയല്ല.' ക്രിസ്തുവിനെപ്പറ്റി ബി.സി. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ച യെശയ്യാ പ്രവാചകന്‍ പ്രസ്താവിച്ചു: 'സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും.'

(3) കഴുത, ഭാരം വഹിക്കുകയും മറ്റുള്ളവര്‍ക്കു സേവനം അനുഷ്ഠിക്കുകയും ചെയ്യുന്നു: ഈ മൃഗത്തെപ്പറ്റി നാം പ്രധാനമായി ഓര്‍ക്കുന്നത് ഇക്കാര്യമാണ്. ക്രിസ്തുവിന്റെ ദൌത്യം ഏറ്റവും സ്പഷ്ടമാക്കുന്നു. അവിടുന്നു മറ്റുള്ളവരുടെ ഭാരങ്ങളെയും അകൃത്യങ്ങളെയും വഹിച്ച് അവര്‍ക്ക് ആശ്വാസം നല്‍കുന്നവനാണ്. അവിടന്നു കല്‍പ്പിച്ചു: 'ശുശ്രൂഷിക്കപ്പെടുവാനല്ല, ശുശ്രൂഷിക്കുവാനും അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി സ്വന്തം ജീവനെ നല്‍കാനുമാണു വന്നത്.' ജര്‍മന്‍ വേദശാസ്ത്രജ്ഞനായ ഡെറ്റ്റിക്ക് ബോണ്‍ഹോഫര്‍ യേശുക്രിസ്തുവിനെപ്പറ്റി അര്‍ഥപൂര്‍ണമായ ഒരു നിര്‍വചനം നല്‍കി: ത്തനPadma_chandrakkalaന്ഥഗ്മന്ഥ, ന്ധhനPadma_chandrakkala ണ്ഡന്റn ക്ഷഗ്നത്സ ഗ്നന്ധhനPadma_chandrakkalaത്സന്ഥ യേശു മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള മനുഷ്യന്‍! അവിടുന്നു ജനിച്ചതും ജീവിച്ചതും മരിച്ചതും മറ്റുള്ളവര്‍ക്കുവേണ്ടി ആയിരുന്നു എന്നുള്ളതാണു ക്രിസ്തുവിന്റെ സവിശേഷത. സ്വാര്‍ഥതയെ അതിജീവിച്ച് അന്യരുടെ ഭാരങ്ങളെ വഹിക്കുന്നതിനും അവരെ സഹായിക്കുന്നതിനുമുള്ള സന്ദേശം നമുക്കു ലഭിക്കുന്നു. ക്രിസ്തുവിനു വാഹനമായിത്തീര്‍ന്ന കഴുത, ക്രിസ്തുവിന്റെ ഔന്നത്യത്തെയും നിസ്തുലമായ ദൌത്യത്തെയും നിശ്ശബ്ദമായ ഭാഷയില്‍ വിളിച്ചറിയിക്കുന്നു.
 
ഈസ്റ്റർ ആശംസകള്‍